Monday, 8 July 2013

പുനര്‍ജനനം

"അറിയാതെന്‍ ആത്മാവിന്‍ സ്നിഗതതയില്‍ മൌനം പിടയുന്നു ..
ചന്ദനതിരിയുടെ പുകള്‍ചുരുളുകള്‍ എന്നെ ശ്വാസം മുട്ടിക്കുന്നു ...
നനുത്ത പാദങ്ങളില്‍ വിറയാര്‍ന്ന കരസ്പര്‍ശങ്ങള്‍ ....

ഉപമിക്കാന്‍ വാക്കുകളില്ല ഉരക്കാന്‍ ദേഹി പോര
ഉദരത്തിന്‍ ഉയരത്തില്‍ താളം നിലച്ചപോല്‍ ...
ചലനമറ്റ മണ്‍കൂടാരത്തില്‍ അഗ്നിയുരുകിയൊലിച്ചപോല്‍ ...
സ്ഥൂലിച്ച മുഖപടലത്തില്‍ എവിടെയോ അന്ത്യച്ചുംബനതിന്‍ നനവ് മാത്രം ..
വിലാപമൂകമെങ്കിലും അറിയുന്നു ഞാനെന്‍ നിസഹായതയുടെ ക്രൂരമുഖം ...

അന്ധകാരതിന്‍ ഇംഗിതത്തില്‍ ഞാനമര്‍ന്നു പോയെങ്കിലും
കാലത്തിന്‍ കടിഞ്ഞാണിനാല്‍ കടപുഴകിഒഴുകിയെങ്കിലും
ഓര്‍മതന്‍ ഈരിഴതോര്‍ത്തില്‍ നിന്നെന്നോ വഴുതി അകന്നെങ്കിലും
ഒന്നാഗ്രഹിക്കാം ഒന്നിനായ് തപിക്കാം
ഒരുവട്ടം കൂടിയെന്‍ ദേഹി പുനര്‍ജനിചെങ്കില്‍ ! "

പ്രണയം

" പ്രണയിക്കരുതെന്ന് ഒരുപാട് വട്ടം കാതില്‍ മുഴങ്ങിയപോലെ.. !
നോവുമെന്നോര്‍ക്കാതെ പൂവിറുത്ത പൈതലിനോട് ഒരുവട്ടം പോലും ക്ഷേമിക്കാതെ കൂര്‍ത്ത മുള്ളുകളാല്‍ നോവിച്ച റോസാചെടികളുടെ നാട്.. ! , എന്റെ പ്രണയം ^ അത് ഞാന്‍ ആരോട് മറയ്ക്കും? "

Saturday, 6 April 2013

തൃഷ്ണ ...

'മൂര്‍ദ്ധാവില്‍ അവന്‍ നല്‍കിയ മൃദുചുംബനത്തിനു കാപട്യത്തിന്റെ കൈപ്പ് ഉണ്ടായിരുന്നില്ല..
പ്രണയത്തിന്റെ  കണ്ണാടികൂട്ടില്‍ മുഖംമൂടിയണിഞ്ഞ അവന്റെ കാമദ്രിഷ്ടികള്‍ അനാവൃതമായിരുന്നില്ല.. കൂടുതല്‍ കൂടുതല്‍ അടുത്തറിയുന്തോരും പ്രണയത്തിന്റെ തീജ്വാലയില്‍ ഉരുകി എതിര്‍പ്പുകള്‍ നന്നേ കുറഞ്ഞുപോയിരുന്നു..അല്ലാ തനിക്കെതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല.. ഇണയുടെ കൈകരുത്തിന്‍ കീഴില്‍ മിഴിപൂട്ടിമന്ദഹാസം തൂകി കിടന്നപ്പോള്‍ മനസും ശരീരവും ഒന്നായ്ചേരുന്ന നിര്‍വൃതിയില്‍ മതിമറന്ന് കാതരമായ് വിളിച്ചുകൂവിയ പ്രേമപുരസമായ വാക്കുകള്‍.. .. !
കെട്ടടങ്ങിയ ഭോഗതൃഷ്ണയില്‍ വീണ്ടുവിചാരം തോന്നുംമുന്‍പേ ഒരുപിടി പച്ചനോട്ട് അവളുടെ മാറില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞു അവന്‍ വാതില്‍തുറന്നകന്നു .. അര്‍ദ്ധമയക്കതിനോടുവില്‍ തുറന്നടഞ്ഞ മുറിക്കുള്ളില്‍ തന്നെ തഴുകുന്ന കൈകള്‍ക്ക് അവന്റെത്‌ പോലെ മാര്‍ദവമില്ല എന്നുള്ള തിരിച്ചറിവ് അവള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു...
കാമത്തിന് ഒരുമണിക്കൂര്‍ വിലയിട്ടു സ്നേഹിക്കുന്നവനും വേണ്ടതെല്ലാം കവര്‍ന്നെടുത്ത്  കാമാഭ്രാന്തന്മാരുടെ കയ്യിലേക്ക് വലിച്ചെറിയുന്നവനും ഒന്നാണെന്നുള്ള തിരിച്ചറിവിനെക്കാള്‍  അവളെ വേദനിപ്പിച്ചത് ആദ്യമായി കണ്ടുമുട്ടിയ ,പ്രണയംമൊട്ടിട്ട ബസ്സ്റ്റോപ്പില്‍ വെച്ച് വീണ്ടും ഒരിക്കല്‍ കൂടികണ്ടുമുട്ടിയപ്പോള്‍ ദൂരെ മാറിനിന്ന് "വേശ്യ " എന്നവന്‍ പുച്ഛത്തോടെ പിറുപിറുത്തതായിരുന്നു..! '

വിട


"ഉദയാസ്തമനങ്ങള്‍ക്ക് കഴിയാതെ പോയത് ...
ഉല്‍കൃഷ്ടമായ സ്വപ്നങ്ങള്‍ക്ക് നിറം പകരാനാവാതെ പോയത് ....
ഉത്ബോധമനസിന്‌ നിരക്കാതെ പോയത് ...
ഉള്ളിലെ വിദ്വേഷജ്വാല ഒരുവട്ടം കൂടി  ആളിക്കത്തിച്ച് 
നിന്റെ വേര്‍പിരിയല്‍ ...അതെന്നും നൊമ്പരം തന്നെ സഖീ... "

Wednesday, 20 March 2013

നോവ്‌ ....

" അടുക്കളയിലെ അടുപ്പും  കരിപുരണ്ട പാത്രവുമായി ഒരു അഭേദ്യബന്ധം ഉണ്ട് ...നോവിച്ചു സ്നേഹിക്കാന്‍ ,വെന്തെരിഞ്ഞും കരിച്ചും സ്നേഹം പങ്കിടാന്‍ ...!
കാലം വരുത്തുന്ന മുറിപ്പാടുകള്‍ പോലെ , ആളുന്ന  തീജ്വാലയുടെ പൊള്ളലേറ്റ് നീറുമ്പോഴും  അടുപ്പിനോട്  പരിഭവമോതാതെ , വേവുന്ന ആത്മാവിന്‍ നൊമ്പരം ഉള്ളിലൊതുക്കി     പാത്രം   പുഞ്ചിരിക്കുന്നുണ്ടാവും .........! "